ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ശ്രീ.തോപ്പിൽ ഭാസിയുടെ ഭാഷയിൽ 'കൂന്താലിക്കരുടെ നാട്' ആണ് ശൂരനാട്. അദ്ധ്വാനശീലരായ സാധാരണ കൃഷിക്കാരുടെ നാട് എന്നർത്ഥം. അറബിക്കടലിനു 15 കി.മീ കിഴക്കായി വടക്ക് ആലപ്പുഴ ജില്ലയും, കിഴക്ക് പത്തനംതിട്ട ജില്ല അതിർത്തിയായും സ്ഥിതി ചെയ്യുന്ന വിശാലമായ താഴ്വ‌ാരങ്ങളോടു കൂടിയ ഒരു ഭൂപ്രദേശമാണ് ശൂരനാട് വടക്ക് പഞ്ചായത്ത്. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ളോക്കിൽ ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നാണ് ഈ ഗ്രാമപഞ്ചായത്ത്. പഴയ ശൂരനാട് ഇന്ന് രണ്ട് പഞ്ചായത്തുകളാണ് - ശുരനാട് നോർത്ത്, ശൂരനാട് സൌത്ത്. 22.67 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിൻറെ വിസ്തീർണ്ണം. ജന്മി-നാടുവാഴിത്ത വ്യവസ്ഥക്കെതിരായി കൃഷിക്കാരും കർഷകത്തൊഴിലാളികളും സംഘടിതമായി നടത്തിയ മുന്നേറ്റങ്ങളിൽ മഹത്തായ ഒരു പങ്കു വഹിച്ച നാടാണ് ശൂരനാട്. അതിലൂടെ ഈ നാടിന്റെ പ്രിയപ്പെട്ട വീരപുത്രന്മാർ രക്ഷസാക്ഷിത്വം വരിച്ചു. തണ്ടാശ്ശേരി രാഘവൻ കളയ്ക്കാട്ടു തറ പരമേശ്വരൻ നായർ വായിക്കാലിൽ ഗോപാലപിള്ള കാഞ്ഞിരപള്ളി വടക്ക് പുരുഷോത്തമക്കുറുപ്പ് മഠത്തിൽ ഭാസ്ക്കരൻ നായർ എന്നിവർ ഈ നാടിന്റെ അഭിമാനബോധത്തിന്റെയും ഉയർന്ന രാഷ്ട്രീയ ബോധത്തിന്റെയും ജ്വലിക്കുന്ന പ്രതീകങ്ങളാണ്. മലയാളസാഹിത്യ തറവാട്ടിലെ കുലപതിയും, ബഹുഭാഷാ പണ്ഡിതനുമായിരുന്ന ശ്രീ.ശൂരനാട്ടു കുഞ്ഞപിള്ളയുടെ ജനനം കൊണ്ട് പവിത്രവും ധന്യവുമാണ് നാട്. ഈ നാടിന്റെ ചരിത്രം തന്നെ 1949 ഡിസംബർ 31 നു മുമ്പും പിമ്പും എന്നു തിരിക്കാവുന്ന നിലയിലാണ്. ആദ്യകാലത്ത് ഈ നാട്ടിലെ കനകം വിളയുന്ന മണ്ണിൽ അദ്ധ്വാനിക്കുന്നവർക്ക് ഉടമവാകാശം ഉണ്ടായിരുന്നില്ല. വിരലിലെണ്ണാവുന്ന ഭൂവുടമകൾ ഇവിടുത്തെ വിളഭൂമികൾ കയ്യടക്കി വച്ചു. ഇവിടെ വിദ്യാഭ്യാസ സൌകര്യങ്ങളുണ്ടായിരുന്നില്ല. പഞ്ചായത്തിലെ അറിയപ്പെടുന്ന പ്രധാന നിരത്തുകളൊക്ക അന്ന് പറങ്കിമാവിൻ കൂട്ടങ്ങളുടെയും മരച്ചീനി വിളകളുടെയും കുറ്റിക്കാടുകളുടെയും ഇടയിലൂടെയുള്ള ഊടുവഴികളായിരുന്നു. അല്ലെങ്കിൽ പാടശേഖരങ്ങളെ കീറിമുറിയ്ക്കുന്ന നടവരുമ്പുകളായിരുന്നു. പഞ്ചായത്തിലെ കാർഷികമേഖലയെ സംബന്ധിച്ചിടത്തോളം ഒരു 'അമൃതവാഹിനി'യാണ് പള്ളിക്കലാറ്. പള്ളിക്കലാറിനു കുറുകെ നിർമ്മിച്ചിട്ടുള്ള രണ്ടു തടയണകളും പള്ളിക്കൽ ഡാമും ഏഴ് ലിഫ്റ്റ് ഇറിഗേഷൻ പമ്പു സ്റ്റേഷനുകളും പഞ്ചായത്തിലെ ജലസേചന സൌകര്യം വളരെയേറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. നാലഞ്ച് കുന്നിൻപുറങ്ങളും വിസ്തൃതമായ പാടശേഖരങ്ങളുമായാണ് നാടിന്റെ കിടപ്പ്. കുന്നത്തൂർ താലൂക്കിന്റെ തന്നെ നെല്ലറയാണ് ശൂരനാട്, നെടിയപാടം ഏലാ, കിഴകിട ഏലാ, കുരിക്കുഴി ഏലാ, വിളക്കുപാടം എന്നിവ.

അറബിക്കടലിനു 15 കി.മീ കിഴക്കായി വടക്ക ആലപ്പുഴ ജില്ലയും, കിഴക്ക പത്തനംതിട്ട ജില്ല അതിർത്തിയായും സ്ഥിതി ചെയ്യുന്ന വിശാലമായ താഴ്വ‌ാരങ്ങളോടു കൂടിയ ഒരു ഭൂപ്രദേശമാണ് ശൂരനാട് വടക്ക് പഞ്ചായത്ത്. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ളോക്കിൽ ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നായ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന് 22.67 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്ത് ആഫീസ് സ്ഥിതി ആഫീസ് സ്ഥിതി ചെയ്യുന്നത് പത്താ വാർഡിലെ പടിഞ്ഞാറ്റം മുറിയിലാണ്. ദേശീയപാത 47 ൽ നിന്നും 10 കിലോമീറ്ററും, കരുനാഗപ്പള്ളിയിൽ നിന്നും 15 കിലോമീറ്ററും ശാസ്താംകോട്ടയിൽ നിന്നും 9 കിലോ മീറ്ററും ദൂരത്തിലാണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ വടക്ക് ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തും, കിഴക്ക് പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തും, കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തും, തെക്ക് ശൂരനാട് തെക്ക് പഞ്ചായത്തും, പടിഞ്ഞാറ് കരുനാഗപ്പള്ളി താലൂക്കിലെ തഴവ, തൊടിയൂർ പഞ്ചായത്തുകളുമാണ് അതിർത്തി. പഞ്ചായത്തിന്റെ മുക്കാൽ ഭാഗത്തോളം പ്രദേശങ്ങളും 20 മീറ്ററിനു താഴെയുള്ളവയാണ്. ഉയരം കൂടിയ പ്രദേശങ്ങൾ ഏറിയവയും കിഴക്ക് ഭാഗത്താണ് കാണപ്പെടുന്നത്. പഞ്ചായത്തിന്റെ കിഴക്കേ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന കൊക്കിനാമുകൾ എന്ന സ്ഥലമാണ് ഏറ്റവും ഉയരം കൂടിയ പ്രദേശം. ഇത് അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നു. ഇതുകൂടാതെ എണ്ണശ്ശേരി, പീടിയയ്ക്കൽ, പുതിയകാവ് ക്ഷേത്രത്തിനു സമീപം, വയ്യാങ്കര ജംഗ്ഷനു സമീപം എന്നിവയാണ് മറ്റ് ഉയർന്ന പ്രദേശങ്ങൾ. തെക്കൻ ഇടനാട് കാർഷിക കാലാവസ്ഥ മേഖലയിലാണ് ശൂരനാട് വടക്ക് പഞ്ചായത്ത് ഉൾപ്പെടുന്നത്. പള്ളിക്കൽ ആറും അതുമായി ബന്ധപ്പെട്ട പോഷകതോടുകളുമാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്നത്. പള്ളിക്കൽ തോട് ഈ പഞ്ചായത്തിൽ ചാത്താകുളത്തു നിന്നും ആരംഭിച്ച് തൊടിയൂർ പാലത്തിലവസാനിക്കുന്നു. ഇത് 11 കിലോമീറ്റർ നീളത്തിൽ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കിഴകിട തോട് കൈമകുളങ്ങര ചിറയിൽ നിന്നാരംഭിച്ച് കരിങ്ങാട്ടിൽ മാടൻനട ഭാഗത്തവസാനിക്കുന്നു. ഇതിന്റെ നീളം 5.56 കി.മീറ്ററാണ്. നെടിയപാടം തോട് 4.44 കി.മീറ്റർ സഞ്ചരിച്ച് തൊടിയൂർ പാലത്തിനു വടക്കുവശം അവസാനിക്കുന്നു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഒരു കർഷക ഗ്രാമമാണ്. വില്ലേജ് ആഫീസിലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം അവിഭക്ത ശൂരനാട് പഞ്ചായത്തിൽ 1928 ൽ 200 ൽ താഴെയുള്ള ഭൂവടുമകളാണ് ഉണ്ടായിരുന്നത്. യിരുന്നത്. കൂടുതൽ ഭൂമിയും ദേവസ്വങ്ങളുടെ പേരിൽ ആയിരുന്നു. തണ്ടപ്പേർ രജിസ്റ്ററിലെ ഒന്നാം നമ്പർ തണ്ടപ്പേർ തന്നെ അഴകിയകാവ് ശ്രീ.കുറുമ്പകാളിയുടെ പേരിൽ ആയിരുന്നു. 1957 മുതൽ സംസ്ഥാനത്ത് നടപ്പാക്കിയ ഭൂപരിഷ്ക്കരണ നടപടികളുടെ ഭാഗമായി കുടികിടപ്പ്, മിച്ചഭൂമി, പാട്ടവാരം എന്നിവയുടെ കൈവശക്കാർ ഉടമസ്ഥരായി മാറി. ശൂരനാട് വടക്ക് പഞ്ചായത്തിന്റെ ഹൃദയഭാഗത്തു കൂടി ഏകദേശം 5 കിലോമീറ്റർ നീളത്തിൽ പള്ളിക്കലാറ് കടന്നുപോകുന്നു. 7 ഏക്കറോളം വരുന്ന മണലിക്കൽ ചാൽ 100 ഏക്കറോളം വരുന്ന വയ്യാങ്കര ചിറ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ജലാശയങ്ങൾ. സാക്ഷരതയിലും പ്രബുദ്ധതയിലും മുന്നിട്ടു നിൽക്കുന്ന ജില്ലയാണു കൊല്ലം. കല, സാഹിത്യം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം മഹനീയ പാരമ്പര്യം ഈ ജില്ലയ്ക്ക് അവകാശപ്പെടാൻ കഴിയും. കൊല്ലം ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലൊന്നാണ് ശൂരനാട് വടക്ക് പഞ്ചായത്ത്. ശ്രീ തെന്നല അയ്യപ്പൻ പിള്ളയുടെ ഉടമസ്ഥതയിൽ ഏതാണ്ടു 90 വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച തെന്നല പ്രൈമറി സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ അംഗീകൃത വിദ്യാലയം. തുടർന്ന് കുന്നിൽ എം.കെ.കൃഷ്ണനുണ്ണിത്താന്റെ ഉടമസ്ഥതയിൽ അഴകിയകാവ് പ്രൈമറി സ്കൂളും രൂപം കൊണ്ടു. 1945-46 കാലത്ത് ദിവാൻ സർ.സി.പി. രാമസ്വാമി അയ്യരുടെ ഒരു ഭരണനടപടിയാണ് പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് തിരുവിതാംകൂറിൽ ദൂരവ്യാപകമായ മാറ്റത്തിനിട നൽകിയത്. 

വിദ്യാഭ്യാസ മേഖലകളായി (കംപൽസറി എഡ്യൂക്കേഷൻ ഏരിയ) പ്രഖ്യാപിക്കുകയും ആ പട്ടികയിൽ വരുന്ന താലൂക്കിലെ ഓരോ കരയിലും ഒരു പ്രൈമറി സ്കൂൾ എന്ന പദ്ധതി നടപ്പിൽ വരുത്തുകയും ചെയ്തു. കുന്നത്തൂർ താലൂക്കും ഈ പട്ടികയിലായിരുന്നു. 1953 ൽ ശൂരനാട് പ്രൈമറി ഹെൽത്തു സെന്റർ സർക്കാർ തലത്തിൽ സ്ഥാപിതമായതോടെ പൊതുജനാരോഗ്യരംഗത്ത് പുതിയ ഉണർവ്വം പ്രതീക്ഷയും ഉണ്ടായി. കൂടാതെ ഇപ്പോൾ സർക്കാർ ആശുപത്രി നിലവിൽ വന്നു. കൂടാതെ സ്വകാര്യമേഖലയിൽ രണ്ടാശുപത്രികളും രണ്ടു ക്ളിനിക്കുകളും രണ്ട് ഹോമിയോ ഡിസ്പെൻസറികളും പ്രവർത്തിക്കുന്നു. കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിന്റെ വടക്കേയറ്റം ആലപ്പുഴ, പത്തനംതിട്ട ജില്ലകളോടു ചേർന്നു കിടക്കുന്ന ഒരു ഗ്രാമമാണ് ശൂരനാട് വടക്ക്. ബഹുഭൂരിപക്ഷം കർഷകത്തൊഴിലാളികളും കൂലിപ്പണിയെടുത്ത് ജീവിക്കുന്നു. പഞ്ചായത്തിൽ 17 അംഗൻവാടികൾ പ്രവർത്തിക്കുന്നുണ്ട്. തെന്നല എൽ.പി.എസ്, അഴകിയകാവ് എൽ.പി.എസ് എന്നിവയാണ് നാട്ടിലെ ആദ്യ സരസ്വതി ക്ഷേത്രങ്ങൾ. 1152 ൽ സ്ഥാപിതമായ ശൂരനാട് ഹൈസ്ക്കൂൾ കൂടാതെ 3 യു.പി. സ്കൂളുകളും 3 എൽ.പി സ്കൂളുകളും പൊതു വിദ്യാഭ്യാസ രംഗത്ത് പ്രവർത്തനം നടത്തുന്നു. നഴ്സറി തലം മുതൽ ഹൈസ്കൂൾ തലം വരെയുള്ള പതിനെട്ടോളം വിദ്യാകേന്ദ്രങ്ങൾ ഇന്നിവിടെയുണ്ട്. അനൌപചാരിത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ കൂട്ടത്തിൽ ആദ്യകാലത്തുണ്ടായിട്ടുള്ളവ ശൂരനാട് പബ്ളിക് ലൈബ്രറിയും പടിഞ്ഞാറ്റം മുറിയിൽ സ്ഥാപിച്ച ചങ്ങമ്പുഴ സ്മാരക ശാലയും പിന്നീട് പഞ്ചായത്ത് വകയായി പരിണമിക്കുകയും ചെയ്തു. ശൂരനാട് പഞ്ചായത്താഫീസ് കോമ്പൌണ്ടിൽ ചങ്ങമ്പുഴ വായനശാലയും സാംസ്കാരിക നിലയവും സ്ഥിതി ചെയ്യുന്നു. ശൂരനാട്ടെ ആദ്യത്തെ സഹകരണ പ്രസ്ഥാനമാണ് “ശൂരനാട് പരസ്പര സഹകരണ സംഘം". ഇത് 1101-ധനു 12 നു രജിസ്റ്റർ ചെയ്തു. കുംഭം 10-നു പ്രവർത്തനം ആരംഭിച്ചു(1926 ഡിസംബറിൽ). ഇതിന്റെ സ്ഥാപക പ്രസിഡന്റും പനമ്പിലാവിൽ ശ്രീനാരായണപിള്ള അവർകൾ ആയിരുന്നു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ നിരവധി പട്ടികജാതി കുടുംബങ്ങൾ പാർക്കുന്നുണ്ട്. ഇവർ പ്രധാനമായും 25 കോളനികളിലായും മറ്റുള്ളവർ ഇടകലർന്നുമാണ് താമസിക്കുന്നത്.